അലഹബാദ്: ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ ഏകാധിപത്യ നടപടികൾ സംസ്ഥാനത്തെ ഭയാനകമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുമെന്ന് അലഹബാദ് ഹൈക്കോടതി.
നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഡൽഹി യൂണിവേഴ്സിറ്റി നിയമ വിദ്യാർഥിനിയും സാമൂഹിക പ്രവർത്തകയുമായ ആകൃതി ചൗധരിക്കു (25) മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (എൻഎസ്എ) തടങ്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ രൂക്ഷവിമർശനം.
അനാവശ്യമായി തടവിലിട്ടതിന് ആകൃതിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജസ്റ്റീസുമാരായ അതുൽ ശ്രീധരൻ, അചൽ സച്ദേവ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഈ തുക തടങ്കൽ ഉത്തരവിറക്കിയ ഗൗതം ബുദ്ധ നഗർ (നോയിഡ) ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) മേധാ രൂപം, ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർ, എസ്എച്ച്ഒ എന്നിവരുടെ ശമ്പളത്തിൽനിന്ന് ഈടാക്കണം. ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികളിലുള്ള കടുത്ത അതൃപ്തി ഇവരുടെ സർവീസ് രേഖകളിൽ ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചു.
ജനാധിപത്യത്തിൽ ജനങ്ങളാണു യജമാനന്മാർ, ഉദ്യോഗസ്ഥർ അവരുടെ സേവകരാണ്. സത്യപ്രതിജ്ഞ ലംഘിച്ചു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾ ‘ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരമായ അവശേഷിപ്പുകളായി’ മാത്രമേ കാണുകയുള്ളൂ. വേതന വർധനവിനായി സമാധാനപരമായി പ്രതിഷേധിക്കാനും തെരുവിലിറങ്ങാനും ജനാധിപത്യ രാജ്യത്ത് അവകാശമുണ്ട്. അക്രമത്തിനു പ്രേരിപ്പിച്ചതായി തെളിയിക്കാൻ പൊലിസിനു കഴിഞ്ഞിട്ടില്ല. സമരക്കാരെ പിന്തുണച്ച വിദ്യാർഥിനിയെ ശിക്ഷിച്ച് മറ്റുള്ളവരെ ഭയപ്പെടുത്താനാണ് കളക്ടറും പൊലിസും ശ്രമിച്ചത് -കോടതി ചൂണ്ടിക്കാട്ടി.
സാധാരണ ക്രിമിനൽ നിയമങ്ങൾക്കു പകരമായി എൻഎസ്എ പോലുള്ള കർശന നിയമങ്ങൾ വ്യക്തിപരമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോഗിക്കരുത്. ഏപ്രിൽ 11ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥിനിയെ 12നാണ് അറസ്റ്റ് ചെയ്തതെന്നു കാണിച്ച് പൊലിസ് രേഖകളിലും നോട്ടീസുകളിലും കൃത്രിമം കാണിച്ചതായി കോടതി കണ്ടെത്തി.
എൻഎസ്എ റദ്ദാക്കിയെങ്കിലും തൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ആകൃതി ചൗധരി നിലവിൽ ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്.
സേവന, വേതന പ്രശ്നങ്ങളുന്നയിച്ച് നോയിഡ വ്യവസായ ടൗൺഷിപ്പിലെ തൊഴിലാളികൾ നടത്തിയ സമരം ഏപ്രിൽ 13നാണ് സംഘർഷത്തിൽ കലാശിച്ചത്. എന്നാൽ ഏപ്രിൽ 11ന് തന്നെ ആകൃതിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സമരക്കാർക്ക് പിന്തുണയുമായി ആകൃതി എത്തിയതിനെത്തുടർന്നാണ് പൊലിസ് കേസെടുത്തത്.